പാലക്കാട് : വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു. നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു. വിവിധ ലോക്കല്‍ സെക്രട്ടറിമാര്‍ക്കും മണ്ഡലം സെക്രട്ടറിക്കും രാജിക്കത്ത് നല്കി.
നെന്മാറ ലോക്കല്‍ സെക്രട്ടറിയും 9 ബ്രാഞ്ച് സെക്രട്ടറിമാരും എലവഞ്ചേരിയിലെ 3 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച്ച പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 11 പേരും ജില്ലാ കൗണ്‍സിലില്‍ നിന്നും രാജിവച്ചിരുന്നു. വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. തുടര്‍ന്ന് മുന്‍ ജില്ല പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മുഹ്സിനൊപ്പം ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ജില്ലയിലെ ഏക സിപിഐ എംഎല്‍എയാണ് പട്ടാമ്പി നിയോജകമണ്ഡലത്തിലെ മുഹമ്മദ് മുഹ്സിന്. മുഹ്സിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചിട്ടില്ല.