കൊച്ചി : പ്രഗ്യാൻ റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എപി എക്സ് എസ് , ലിബ്സ് പേ ലോഡുകൾ ഓഫായി. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി റോവർ തുടരുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ നിരീക്ഷണങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനിലെ താപനിലയിൽ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെൻ്റിമീറ്റർ താഴെ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണുള്ളത്.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ചാണ് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്തത്. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. കഴിഞ്ഞ പതിനാല് ദിനങ്ങളിലും റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റ ശേഖരിച്ചിരുന്നു.