ആനക്കൊമ്പ് കേസുമായി മുമ്പോട്ടുപോകാമെന്ന് കോടതി:
സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളി

പെരുമ്പാവൂര്‍: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പിന്‍വലിക്കല്‍ അപേക്ഷ തളളി.പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) അഞ്ചു ക്ലീറ്റസ് ആണ് അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന് കേസുമായി മുമ്പോട്ടുപോകാമെന്ന് കോടതി.
2011 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തതാണ് കേസിന്റെ തുടക്കം.1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസായതിനാല്‍ വനംവകുപ്പിന് കേസ് കൈമാറുകയായിരുന്നു.ഇതേതുടര്‍ന്ന് കുറുപ്പംപടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും, കുറുപ്പംപടിയിലെ കോടതി പെരുമ്പാവൂരിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കേസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3)ലേക്ക് മാറ്റി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നുവരുന്നതിനിടയില്‍, തുടര്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടര്‍ വിചാരണ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും.ഇതിനിടെ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചന.സര്‍ക്കാരിന്റെ അപേക്ഷയെ എതിര്‍ത്ത് വാദപ്രതിവാദത്തിനായി അഡ്വ. ഡോ. എബ്രഹാം മീച്ചിന്‍കര,അഡ്വ.എം.വി.ലാലു മത്യുസ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *