തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മിനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീട്ടി മരത്തിന്റെ ഡിഎൻഎ സർട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിർണ്ണയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമർപ്പിക്കുക. ബാക്കിയുള്ള കേസുകളിൽ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കേസിൽ ഉൾപ്പെട്ട വീട്ടിമരത്തിന്റെ പ്രായ നിർണ്ണയ സർട്ടിഫിക്കറ്റ് വനം വകുപ്പിൽ നിന്നുള്ള വില നിർണ്ണയ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻ. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. റോജി അഗസ്റ്റിൻ, ആൻറോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് മുട്ടിൽ മരംമുറിക്കേസിലെ മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേർക്കെതിരായ കേസിൽ താനൂർ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരമുറിക്കേസിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസിൽ ഏഴ് കേസിൽ ഇതിനകം കുറ്റപത്രം നൽകി കഴിഞ്ഞു. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടിൽ മരംമുറിയിലാണ് ഇനി കുറ്റപത്രം സമർപ്പിക്കേണ്ടത്.