നിപ വൈറസ്; വില്ലനാകുന്ന വവ്വാൽ, പടരാനുള്ള കാരണമെന്ത്?

കൊച്ചി : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. നിപാ അണുബാധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മുതൽ മാരകമായ എൻസെഫലൈറ്റിസ് വരെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. പനി, തലവേദന, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. വഴിതെറ്റൽ, കോമ എന്നിവയാണ് കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം നിപ ബാധിതരുടെ മരണനിരക്ക് 40 ശതമാനം മുതൽ 75 ശതമാനം വരെയാണ്.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളില്‍ പോയിട്ടുണ്ട്. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്.

അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *