സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേര്‍ മറ്റുജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നു.

ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്‌സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ തുടങ്ങി 6000 ഓളം ജിവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *