പഴയ ഫയലുകള്‍ സെക്രട്ടേറിയേറ്റില്‍ നിന്ന് നീക്കം ചെയ്യണം: നിര്‍ദ്ദേശിച്ച്‌ ചീഫ് സെക്രട്ടറി

തിരുവനന്തപുരം : പേപ്പര്‍ രഹിത സെക്രട്ടേറിയേറ്റിനു വേണ്ടിയുള്ള നടപടിയുടെ ഭാഗമായി സെക്രട്ടേറിയേറ്റിലെ പഴയ ഫയലുകള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഡിജിറ്റലൈസ് ചെയ്ത ഫയലുകള്‍ മുഴുവന്‍ ഓഫിസിന് പുറത്താക്കാനാണ് നിര്‍ദ്ദേശം. തീരുമാനം മൂലം ബാക്കി വരുന്ന ടണ്‍ കണക്കിന് പേപ്പര്‍ മാലിന്യം സെക്രട്ടറിയേറ്റില്‍ നിന്നും ലേലത്തില്‍ വില്‍ക്കാനും തീരുമാനമായി. ഏകദേശം 2 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ കെട്ടികിടക്കുന്നത്.

നേരത്തെ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പാട്ട് കേട്ട് ജോലി ചെയ്യാന്‍ മ്യൂസിക് സിസ്റ്റം വാങ്ങാന്‍ 13,440 രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം. അങ്ങനെ പൊതു ഭരണ വകുപ്പില്‍ ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പില്‍ ഇനി ഒരു മ്യൂസിക് സിസ്റ്റം കൂടി സ്ഥാനം പിടിക്കും. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷന്‍ സ്ഥിതി ചെയ്യുന്നത്.

ജൂലൈ പതിനാലിനാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. സെക്രട്ടേറിയേറ്റില്‍ 43 വകുപ്പുകള്‍ ആണ് ഉള്ളത്. അതില്‍ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴില്‍ 25 ഓളം സെക്ഷനുകളുമുണ്ട്. അതില്‍ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച എഐഎസ് സെക്ഷന്‍. പൊതു ഭരണ വകുപ്പിലെ 25 സെക്ഷന്‍കാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാല്‍ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കില്‍ 1 കോടിക്ക് മുകളില്‍ ആകും ചെലവ് വരുക.

Leave a Reply

Your email address will not be published. Required fields are marked *