തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ജോലിവാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്‍മിയാണ് പൊലീസിൽ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം പിരിച്ചത്.
കേസിലെ മുഖ്യപ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിയ്ക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഉദ്യോഗാർത്ഥികൾക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്സാപ് ഗ്രൂപ്പിൽ 84 പേർ അംഗങ്ങളായിരുന്നു.
എന്നാൽ, 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോടു പറഞ്ഞിട്ടുള്ളൂ. മാനഹാനി ഭയന്നു പലരും പണം നൽകിയ വിവരം മറച്ചുവയ്ക്കുകയാണെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇവർ വാട്സാപ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയെന്നും അധികൃതർ വ്യക്തമാക്കി.പ്രതികൾ വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്നു തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ ഇടപാടിലൂടെയാണ് പ്രതികൾ പണം കൈപ്പറ്റിയത്.