കൊച്ചി: രാജ്യത്തെ പ്രചാരം അവസാനിപ്പിച്ച 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരികയെത്തി. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, ഓഗസ്റ്റ് 31 വരെ 3.32 ലക്ഷം കോടി 2,000 രൂപ നോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഇനി 7 ശതമാനം നോട്ടുകൾ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെയെത്താൻ ശേഷിക്കുന്നത്. ഏകദേശം 0.24 ലക്ഷം കോടി രൂപയുടെ കറൻസിയാണ് തിരികെ ലഭിക്കാനുള്ളത്.
സെപ്റ്റംബർ 30 വരെയാണ് 2,000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാൻ സാധിക്കുക. 7 ശതമാനം മാത്രം ബാക്കിയുള്ളതിനാൽ, സമയപരിധി ദീർഘിപ്പിക്കാനുള്ള സാധ്യത കുറവാണ്. അതിനാൽ, 2,000 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നവർ ഉടൻ തന്നെ നോട്ടുകൾ മാറ്റി വാങ്ങേണ്ടതാണ്. നിലവിൽ, ലഭിച്ച നോട്ടുകളിൽ 87 ശതമാനവും നിക്ഷേപരൂപത്തിലാണ്. പൊതുജനങ്ങൾക്ക് ബ്രാഞ്ചുകളിലെത്തി 2,000 രൂപ നോട്ടുകൾക്ക് പകരമായി മറ്റു നോട്ടുകൾ വാങ്ങുകയോ, തുകയ്ക്ക് സമാനമായി നിക്ഷേപം നടത്തുകയോ ചെയ്യാവുന്നതാണ്. ഈ വർഷം മെയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്.
You May Like