തിരുവനന്തപുരം: വൈദ്യുതി നിയന്ത്രിക്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്‌ഇബി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ കുറവ് വരുത്തിയതോടെ വൈദ്യുതി നിയന്ത്രിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയന്ത്രണം സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി.
ഉര്‍ജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി