കോട്ടയം : പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്ത് പൊലീസ്. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് ലിജിമോള്‍ പരാതി നല്‍കിയത്.
ബാങ്ക് അക്കൗണ്ട് വ്യാജമെന്നും ലിജിമോള്‍ ആരോപിച്ചു. മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാര്യം അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണെന്നും ലിജിമോള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.
വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതികരണവുമായി കെ.സി ലിജി മോള്‍ രംഗത്തെത്തിയത്. തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്‌ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.