കോട്ടയം : ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീന് വ്യാപക തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും ചില ഇടങ്ങളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കോട്ടയം കളക്ടർ ട്വൻ്റി ഫോറിനോട് പ്രതികരിച്ചു. 55 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന 30 പോളിംഗ് സ്റ്റേഷനിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
സ്ഥാനാർത്ഥിയുടെ പരാതികൾ പരിശോധിച്ചിരുന്നു. 6 മണിയ്ക്ക് മുൻപ് പോളിംഗ് ബൂത്തിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കളക്ടർ നേരത്തേ തന്നെ വിശദീകരിച്ചിരുന്നു. അതേസമയം, മണർകാട് പഞ്ചായത്തിലെ 88ാം നമ്പർ ബൂത്തിലെ പ്രശ്നത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങിയെന്നും ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ ആക്ഷേപം. ഇതൊരു തെരഞ്ഞെടുപ്പാണ്. പല ബൂത്തുകളിലും കാര്യമായ പ്രശ്നമുണ്ടായിരുന്നു. ഇലക്ഷൻ കമ്മിഷനും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.
മണർകാട് 88-ാം ബൂത്തിൽ വോട്ട് ചെയ്യാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു. വോട്ടിംഗ് മെഷീന് സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് പ്രിസൈഡിങ് ഓഫീസർ അപ്പോൾ വിശദീകരിച്ചിരുന്നത്. 88-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് വരാനും ബീപ് സൗണ്ട് കേൾക്കാനും സമയം കൂടുതൽ എടുത്തിരുന്നു. 10 സെക്കൻഡ് കൊണ്ട് കേൾക്കേണ്ട ബീപ് സൗണ്ട് വൈകിയാണ് കേൾക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറും പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷം നല്ല രീതിയിൽ പ്രചരണം നടത്തി. നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.