രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് റാബിസ് കുത്തിവെപ്പ്; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം

കൊച്ചി: രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന്‍ കുത്തിവെച്ചെന്ന പരാതിയില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

രക്തം പരിശോധിക്കാന്‍ വന്ന ഏഴുവയസുകാരിക്ക് കുത്തി വയ്പ് നല്‍കുകയായിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് കുടുംബം രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് പനി ബാധിച്ച ഏഴുവയസുകാരിയുമായി മാതാവ് അങ്കമാലി താലൂക് ആശുപത്രിയില്‍ എത്തിയത്. രക്തം പരിശോധിക്കണം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ ഇന്‍ജെക്ഷന്‍ റൂമില്‍ എത്തി. കുട്ടിയെ പുറത്ത് ഇരുത്തി മാതാവ് ഫോം പൂരിപ്പിക്കാന്‍ പോയപ്പോഴാണ് സംഭവം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സ് കുട്ടിയോട് പൂച്ച മാന്തിയതാണോ എന്ന് ചോദിച്ചു. കുട്ടി അതെ എന്ന് പറഞ്ഞതിന് പിന്നാലെ ഇരു കൈകളിലും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. നേഴ്‌സിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *