ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ലമെന്‍റിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇന്ന് തന്നെ രാഹുല്‍ സഭയില്‍ ഹാജരാകുമെന്നും അറിയിച്ചു.
രാഹുലിന്‍റെ എം പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിൽ ആയിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ഇപ്പോൾ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.കേന്ദ്രമന്ത്രി സഭക്കെതിരായ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ചക്കെടുക്കുന്നത് ചൊവ്വാഴ്ചയാണ്. അതിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കി വച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.