ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുമായി നേരിട്ട് മത്സരിക്കുന്നതിനാല്‍ അമേഠിയില്‍ സുപ്രധാനമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുക. ഒരുകാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയില്‍, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. അജയ് റായ്‌യുടെ പ്രഖ്യാപനം വന്നതോടെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണിപ്പോള്‍.