തെലങ്കാന: തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗുമ്മഡി വിറ്റല്‍ റാവു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഗദ്ദര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ദീര്‍ഘകാലമായി അലട്ടിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജനങ്ങളുടെ ഗായകന്‍ എന്നായിരുന്നു അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നത്.
നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചിട്ടുണ്ട്. മഹാനായ കവിയും, വിപ്ലവകാരിയായ നാടോടി ഗായകനുമായിരുന്നു ഗദ്ദര്‍ എന്നും, അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായും തെലങ്കാന കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.തെലങ്കാന പ്രക്ഷോഭത്തിന്റെ ആത്മാവായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കൊപ്പമാണ് ഗദ്ദര്‍ എപ്പോഴും നിന്നിരുന്നതെന്ന് ഒരു യൂസര്‍ കുറിച്ചു.
യുദ്ധക്കപ്പലിന്റെ ഹൃദയം നിലച്ചിരിക്കുകയാണ്. ഉദിച്ചുയരുന്ന സൂര്യന്‍ ഇനിയില്ലെന്നും മറ്റൊരു യൂസര്‍ കമന്റ് ചെയ്തു. ഗദ്ദാറിന്റെ പാട്ടുകളും, പ്രാസംഗിക മികവും തെലങ്കാന പ്രക്ഷോഭത്തിന് കരുത്തേകിയിരുന്നു. നിരവധി ഗ്രാമീണ തെലങ്കാന യുവ ജനജനതയെ മാവോയിസ്റ്റ് സമരത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു. 1949 മേദക് ജില്ലയിലെ തൂപ്രാനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആന്ധ്രപ്രദേശില്‍ നക്‌സല്‍ സമര കാലത്ത്, ജനകീയ സമരങ്ങള്‍ നയിച്ചാണ് ഗദ്ദര്‍ ജനപ്രീതി നേടിയത്.
പോദുസ്തുന്ന പോഡു മീത നടുസ്തുന്ന കാലമാ പോരു തെലങ്കാനമ്മ എന്ന ഗദ്ദറിന്റെ ഗാനം തെലങ്കാന സമര കാലത്ത് ഏറെ ജനപ്രീതി നേടിയിരുന്നു. തെലങ്കാനയുടെ അത്രയേറെ ആത്മബന്ധം ഗദ്ദറിനുണ്ടായിരുന്നു. നാടോടി ഗാനങ്ങളിലൂടെയാണ് അദ്ദേഹം ജനങ്ങളുമായി ആത്മബന്ധം ഉണ്ടാക്കിയിരുന്നത്. തെലങ്കാന മേഖലയ്ക്ക് നേരിട്ടിരുന്ന അനീതികള്‍ അദ്ദേഹം പാട്ടുകളിലൂടെ തുറന്നുകാണിച്ചു. ഗദ്ദറിന്റെ ജീവിതത്തില്‍ ചെറുപ്പക്കാലം കൂടുതലും ഒളിവിലായിരുന്നു.
സിപിഎംഎല്ലിന്റെ പീപ്പിള്‍സ് വാറിന്റെ ഭാഗമായിരുന്നു 1980കളില്‍ അദ്ദേഹം. പിന്നീട് ആന്ധ്ര മുഖ്യമന്ത്രി മാരി ചെന്ന റെഡ്ഡി പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിനുള്ള നിരോധനം പിന്‍വലിച്ചതോടെ അദ്ദേഹം കൂടുതല്‍ ജനങ്ങളുമായി നേരിട്ട് ഇടപെട്ടു. 1997ല്‍ അദ്ദേഹത്തിനെതിരെ സ്വന്തം വീട്ടില്‍ വെച്ച് വധശ്രമവും ഉണ്ടായിരുന്നു.
അടുത്തിടെ തെലങ്കാന കോണ്‍ഗ്രസ് യോഗത്തില്‍ അദ്ദേഹം എത്തിയിരുന്നു. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പാണ് വിയോഗം സംഭവിച്ചത്. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി ഗദ്ദറിന്റെ വിയോഗത്തില്‍ അനുശോചിച്ചു.