ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടക്കുകയാണ്. വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂർ. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. കുക്കി മേഖലകളിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു.
ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. ഇംഫാലിൽ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലിൽ കുകികളുടെ ആളൊഴിഞ്ഞ വീടുകൾക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂർ, ബീഷ്ണുപൂർ എന്നിവിടങ്ങളിൽ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
ബിഷ്ണൂപൂരിൽ പരിശോധന നടക്കുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സര്‍ക്കാരുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത കിയ ഗ്രൂപ്പിലെ ഒരാളെ പരിക്കുകളോടെ പിടികൂടി. ഇതിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾക്കായി സുരക്ഷസേനയുടെയും പൊലീസിന്റെയും പരിശോധന തുടരുകയാണ്.
1057 തോക്കുകളും 14000 വെടിയുണ്ടകളും മെയ്തെ മേഖലകളിൽ നിന്ന് പിടികൂടി. കുക്കി മേഖലയിൽ നിന്ന് 138 തോക്കുകളും കണ്ടെത്തി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 10 കമ്പനി കേന്ദ്രസേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചു.