തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്സ്‌റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ടെക്സ്റ്റയിൽ കോർപ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മിൽസ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്സ്റ്റൈൽസ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയിൽസ് എന്നിവയും തൃശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റയിൽ സ് സഹകരണ മേഖലയിൽ ടെക്‌സ്‌ഫെഡിന് കീഴിലുള്ള തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടർപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും. മിൽ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകൾക്ക് ആദ്യഘട്ട പ്രവർത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കും. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകൾ മാസ്റ്റർ പ്ലാൻ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികൾ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.