ശബരിമല – നിറപുത്തരി ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: നിറപുത്തരി ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട വൈകിട്ട് 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തൻ്റെയും മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും. സന്നിധാനത്തുനിന്ന് നെൽ കത്തിട് കൊയ്തെടുത്തു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപനാണ് കതിര് കൊയ്തത്. കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി, ദേവസ്വം കമ്മീഷണർ ബിഎസ് പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ അജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ശബരിമല സന്നിധാനത്ത് ട്രേകളിലാണ് നെൽകൃഷി ചെയ്തത്. കൊയ്തെടുത്ത കതിരുകൾ പൂജക്കായി എടുക്കും. നിറപുത്തരി ദിനം പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. സന്നിധാനത്ത് വിളവെടുത്ത നെൽക്കതിരുകൾക്ക് പുറമേ ആറന്മുള, ചെട്ടികുളങ്ങര, അച്ചൻകോവിൽ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി എത്തിക്കുന്ന നെൽകതിരുകളും ഭക്തർ സന്നിധാനത്ത് കൊണ്ടുവരുന്ന നെൽകതിരുകളും നിറപുത്തരി പൂജയ്ക്കായി എടുക്കും. വെർച്വൽ ക്യൂ ബുക്ക് ചെയ്തും സ്പോർട്ട് ബുക്കിംഗ് നടത്തിയും തീർഥാടകർക്ക് ദർശനം നടത്താം. നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10ന് അടയ്ക്കും. ഓണം നാളുകളിലെ പൂജകൾക്കായി ഈമാസം 27 ന് നട വീണ്ടും തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *