കോട്ടയം : പുതുപ്പുളളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു . ഒരു മാസത്തോളം നീണ്ടു നിന്ന ആവേശപോരാട്ടത്തിന് വൈകിട്ട് ആറ് മണിയോടെ പരിസമാപ്തി. പാമ്പാടിയില്‍ ജനഘോഷങ്ങളുടെ മുദ്ര്യവാക്യം വിളികളും വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശം അവസാനിച്ചത് . തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് പരിസമാപ്തിക്കുറിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുമായാണ് മുന്നണികള്‍ പാമ്പാടി കവലയിലെത്തിയത്. കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്.
പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലം നിലനിര്‍ത്തുക എന്ന ചുമതലയാണ് ചാണ്ടി ഉമ്മനും യുഡിഎഫിനും ഉളളത്. പിതാവിന്റെ മരണംമൂലം ചാണ്ടി ഉമ്മന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേര്‍ന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എല്‍ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി .
മൂന്നാം അങ്കത്തില്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി മണ്ഡലം തിരിച്ചുപിടിക്കാമുള്ള ദൗത്യമാണ് ജെയ്ക്ക് സി തോമസിനും എല്‍ഡിഎഫിനുമുള്ളത്. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും റോഡ് ഷോകളുമായി കളം നിറഞ്ഞു . അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ മണ്ഡലത്തിനു പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും. നാളെ പുതുപ്പള്ളിയില്‍ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്. സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക.