ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറിലെ നാല് പേ ലോഡുകളില്‍ ഒന്നാണ് ചാസ്‌തേ ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങള്‍ പഠിക്കാനുള്ള ഉപകരണമാണ് ഇത്.
പത്ത് പ്രത്യേക സെന്‍സറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതല്‍ അവിടുന്ന് 80 മില്ലിമീറ്റര്‍ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തില്‍ ഉപകരണം അളന്നത്. സൂര്യന്റെ പ്രകാശമുള്ളപ്പോള്‍ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും, 80 മില്ലീമീറ്റര്‍ താഴെ ഇത് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണ്. ചന്ദ്രന്റെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം. ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്. ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തെ മണ്ണിലെ താപസ്വഭാവം ഈ രീതിയില്‍ പഠനവിധേയമാകുന്നത്. ഭാവിയില്‍ ഈ മണ്ണുപയോഗിച്ച് ചന്ദ്രനില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടക്കം നടത്തുന്നതിനെ പറ്റിയുള്ള ഗവേഷണങ്ങള്‍ക്ക് ചാസ്‌തേയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ സഹായകമാകും.