കർണാടക : കാട്ടാനയുടെ ആക്രമണത്തിൽ ഷാർപ്പ് ഷൂട്ടർ കൊല്ലപ്പെട്ടു. കർണാടകയിലെ ഹാസൻ ജില്ലയിലെ വനമേഖലയിലാണ് സംഭവം. ആന വിദഗ്ധനായ എച്ച്.എച്ച് വെങ്കിടേഷാണ്(64) ‘ഭീമ’ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടുത്തിടെ മറ്റാനകളുമായുള്ള ഏറ്റുമുട്ടലിൽ ഭീമയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഗ്രാമത്തിന്റെ അതിർത്തി മേഖലകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു ഒറ്റയാൻ. വ്യാഴാഴ്ച വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഷാർപ് ഷൂട്ടർമാരും അടങ്ങുന്ന സംഘം ഹാസൻ ആലുക്ക് താലൂക്കിലെത്തി ആനയെ പിടികൂടി ക്യാമ്പിലെത്തിക്കാൻ ശ്രമിച്ചു.
മയക്കുവെടി വച്ച് പിടികൂടാൻ ആയിരുന്നു പദ്ധതി. ഇതിന് വേണ്ടിയാണ് വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനും വന്യമൃഗ വിദഗ്ധനുമായ എച്ച്.എച്ച് വെങ്കിടേഷിനെ വിളിച്ചു വരുത്തിയത്. മയക്കുവെടി വയ്ക്കാൻ അടുത്ത് എത്തിയപ്പോൾ അക്രമാസക്തനായ ആന വെങ്കിടേഷിന് നേരെ പാഞ്ഞടുത്തു. വെങ്കിടേഷിനെ പിന്തുടർന്ന ആന കൊമ്പ് കൊണ്ട് കുത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. വെങ്കിടേഷിന്റെ ബന്ധുക്കൾക്ക് വനംവകുപ്പ് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.