ഐഎസ്‌ആര്‍ഒ പരീക്ഷ തട്ടിപ്പില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ (വിഎസ്‌എസ്സി) പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മുന്‍പ് അറസ്റ്റിലായവര്‍ക്ക് ഉത്തരം പറഞ്ഞു നല്‍കിയവരാണ് പിടിയിലായത്. ഹരിയാനയില്‍ നിന്ന് കേരള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഹരിയാന സ്വദേശികളായ സുനില്‍ (26), സുമിത്ത് (25) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയില്‍ വെച്ചാണെന്നും തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ആള്‍മാറാട്ടത്തിന് പ്രതിഫലമായി നല്‍കിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു. കൂടുതല്‍ തട്ടിപ്പ് നടന്നതായും സംശയിക്കുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തില്‍ എത്തി കോപ്പിയടിച്ചത്. പരീക്ഷയില്‍ ഹരിയാനക്കാരായ 469 പേര്‍ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേര്‍ പരീക്ഷയെഴുതിയതിനാല്‍ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.

പിടിയിലായവര്‍ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നില്‍ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നുമാണ് നിഗമനം. പരീക്ഷ റദ്ദാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *