കോട്ടയം : പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഞാൻ തന്നെ പങ്കെടുത്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുന്നോട്ട് പോകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഉജ്വലമായ വിജയം പുതുപ്പള്ളിയിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥി നേടും. 2021 ഇൽ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ നേടും.യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. ഈ സർക്കാരിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനങ്ങളുടെ കോടതി നൽകും. ഈ സർക്കാരിനെ കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും മുന്നിൽ ഒന്നുകൂടി തുറന്നുകാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഈ തെരഞ്ഞെടുപ്പിനെ മറ്റും.
രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സർക്കാരിനെ ജനങ്ങളുടെ മുന്നിൽ വിചാരണ ചെയ്യാനുള്ള അവസരമാണിത്. പൂർണ്ണ ആത്മവിശ്വാസത്തോടെ തെരെഞ്ഞടുപ്പിനെ നേരിടും. മറ്റൊരു തൃക്കാക്കരയാക്കി പുതുപ്പള്ളി തെരെഞ്ഞടുപ്പിനെ മറ്റും. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.