മാവേലിക്കര : ഏറെ കോളിളക്കം സൃഷ്ടിച്ച വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ ബംഗ്ലാദേശി പൗരന്മാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെങ്ങന്നൂരിലെ വെണ്മണിയില്‍ പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി വൃദ്ധദമ്പതികളായ എ.പി.ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ ബംഗ്ലാദേശി പൗരന്മാരായ ലാബ്ലു ഹസ്സന്‍ (39), ജുവല്‍ ഹസന്‍ (24) എന്നിവരെയാണ് മാവേലിക്കര അഡീ. ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ നടക്കും. വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധദമ്പതികളെ കൊലപ്പെടുത്തി മോഷണം നടത്തിയതിന് ശേഷം ട്രെയിനില്‍ കയറി സ്വദേശത്തേക്ക് രക്ഷപ്പെട്ട പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരള പോലീസ് കീഴടക്കിയ കേസിലാണ് വിചാരണ കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്്. അന്നത്തെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ എം ടോമി ഐപിഎസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് .വി. കോര എന്നിവരുടെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സുധിലാല്‍ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. അന്നത്തെ മാന്നാര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് ഉദ്യോഗസ്ഥരാണ് വിശാഖപട്ടണത്ത് നിന്നും കൃത്യം നടത്തി രക്ഷപ്പെട്ട പ്രതികളെ പിടികൂടി കേരളത്തിലെത്തിച്ചത്. കേസില്‍ അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍ പോലീസിനു വേണ്ടി ഹാജരായി.