ടിപി വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന, കൊടി സുനിയ്ക്ക് വിലങ്ങില്ലാതെ ട്രെയിൻ യാത്ര: വിമർശനം

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമാകുന്നു. കെകെ രമ എംഎല്‍എയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

കൊടി സുനിയേയും എംസി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം എന്ന് കെകെ രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

“ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി കൊടിസുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ? പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്? കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും”

Leave a Reply

Your email address will not be published. Required fields are marked *