തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജൻമാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. അതേസമയം, വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.