കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍കരീമിനെ(34) കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇതില്‍ നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.