മിത്ത് വിവാദം സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി

ദില്ലി: മിത്ത് വിവാദം സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്തില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദമെന്താണെന്ന് തനിക്ക് വിശദമായി അറിയില്ല. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ടെന്നും അതിനോട് ഒന്നും കൂട്ടിച്ചേർക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി ദില്ലിയിൽ പറഞ്ഞു.

അതേസമയം, സ്പീക്കർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി.വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, സിപിഎം നേതാക്കൾ ഖേദ പ്രകടനം നടത്താൻ പോലും തയ്യാറായിട്ടില്ലെന്നും ചൂണ്ടികാട്ടി. സ്പീക്കർ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിവാദം അവസാനിക്കില്ലെന്നും സ്വിച്ചിട്ട പോലെ വിവാദം തുടങ്ങി സ്വിച്ചിട്ട പോലെ അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര നടത്താൻ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. അതിനിടെ മിത്ത് വിവാദത്തിൽ ഇന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സി പി എമ്മിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നാണ് മുഹമ്മദ് റിയാസ് ഇന്ന് പറ‍ഞ്ഞത്. കേരളത്തില്‍ മത – സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ.എൻ.ഷംസീര്‍ പറഞ്ഞത് വ്യക്തമാണെന്നും ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി. ഇതിനിടെ മിത്ത് വിവാദത്തിൽ കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് ഇന്നത്തെ എൻഎസ്എസ് യോഗമെടുത്തത്. സ്പീക്കറെ സർക്കാർ ഇടപെട്ടു തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെന്നാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *