കൊല്ലം: ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. കേസിൽ മെയ് 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ താൻ അറസ്റ്റിലാകുമെന്ന് സൂരജിന് അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു
അടൂരിലെ ദേശസാല്‍കൃത ബാങ്കിന്‍റെ ലോക്കര്‍ അന്വേഷണ സംഘം ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്‍റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്.