ആലപ്പുഴയിലെ പുളിങ്കുന്ന് കണ്ടെയിന്‍മെന്റ് സോണില്‍

ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചു. ജില്ല കളക്ടര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റ്‌ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്തിലെ 5,6,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയിന്‍മെന്റ്‌ സോണുകളാണ്.

രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ്‌ സോണ്‍ ആക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്‍മെന്റ്‌ സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഉത്തരവിട്ടത്. ഈ പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഈ പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കും.

അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉളള പ്രദേശങ്ങളില്‍ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ഇറങ്ങുവാനോ /കയറുവാനോ പാടുളളതല്ല. അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മുതല്‍ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8മുതല്‍ ഉച്ചയ്ക്ക് 2 വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും കജഇ സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *