ഉത്രയ്ക്ക് ഉറക്ക ഗുളിക നല്‍കിയെന്ന് സൂരജ്

കൊല്ലം: പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഉത്രക്ക് ഉറക്ക ഗുളിക നല്‍കിയെന്ന് ഭര്‍ത്താവ് സൂരജ്. പായസത്തിലും പഴച്ചാറിലും ഉറക്ക ഗുളിക പൊടിച്ചു ചേര്‍ത്ത് നല്‍കി എന്നാണ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. ഇത് ശരിയാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമാവുകയും ചെയ്തു. ഉറക്ക ഗുളിക വാങ്ങിയ അടൂരിലെ കടയില്‍ എത്തി പോലീസ് തെളിവെടുപ്പ് നടത്തി. രണ്ട് വട്ടം പാമ്പിനെ കൊണ്ട് കടിപ്പിച്ചപ്പോഴും ഉറക്ക ഗുളിക നല്‍കി എന്നാണ് സൂരജിന്റെ മൊഴി.

മാര്‍ച്ച് രണ്ടാം തീയതി രാത്രിയോടെയാണ് ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. അന്ന് സൂരജിന്റെ അമ്മ ഉണ്ടാക്കിയ പായസത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് ഉത്രയ്ക്ക് നല്‍കി. തുടര്‍ന്ന് അണലിയെ ഉത്രയുടെ ശരീരത്തിലേക്ക് തുറന്ന് വിട്ടു. അണലിയെ സൂരജ് നോവിച്ചപ്പോള്‍ പാമ്പ് ഉത്രയെ കടിച്ചു. എന്നാല്‍ ആ സമയം ഉത്ര എഴുന്നേറ്റ് ബഹളം വെച്ചു. ഇതോടെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെയ് ആറിനായിരുന്നു മൂര്‍ഖനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചത്. പഴച്ചാറില്‍ ഉറക്ക ഗുളിക കലര്‍ത്തി സൂരജ് ഉത്രയ്ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇട്ടു. 5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.

ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡിഎന്‍എ. പരിശോധനയും നടത്തും. ഒരുവര്‍ഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.

ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാര്‍ച്ച് 26നായിരുന്നു വിവാഹം. മാസങ്ങള്‍ക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്‍, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണു പോലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *