തൃശ്ശൂർ: എ ഐ എം ലോ കോളേജിൽ റാഗിംഗ് നിയമവിദ്യാർഥിനി ആശുപത്രിയിൽ. റാഗിംഗിനിടെ സീനിയർ ആൺകുട്ടികളുടെ മർദനമേറ്റ ഒന്നാം വർഷ നിയമ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊയ്യ എ ഐ എം ലോ കോളേജിലാണ് സംഭവം. മൂന്നാം വർഷ ആൺകുട്ടികളിൽ ചിലരിൽ നിന്നാണ് വിദ്യാർഥിനിയ്ക്ക് മർദ്ദനം ഏറ്റത്. കഴുത്തിൽ പിടിച്ച് ഞെക്കി പൊക്കുകയും മുഖത്ത് അടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തെന്നു കാണിച്ച് വിദ്യാർഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകി. ഇത് പോലീസിന് കൈമാറി.
മകളെ മുതിർന്ന വിദ്യാർഥികൾ റാഗ് ചെയ്തെന്നു കാണിച്ച് പെൺകുട്ടിയുടെ അമ്മയും മാള പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിദ്യാർഥിനിയിൽ നിന്ന് മൊഴിയെടുത്തു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.എന്നാൽ, റാഗിങ്ങിന്റെ കാര്യം പരിഗണിക്കാതെയാണ് പൊലീസ് കേസെടുത്തതെന്നും സംഭവം ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തുകയാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ തേടിയ വിദ്യാർഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു്.ഇതിനിടെ പെൺകുട്ടികളോട് അതിക്രമം കാണിക്കൽ, അപകീർത്തിയും മാനഹാനിയും ഉണ്ടാകുന്ന രീതിയിൽ സംസാരിക്കുക എന്നീ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതെന്ന് എസ് ഐ എൻ വി ദാസൻ വെളിപ്പെടുത്തി.എന്നാൽ റഗിംഗിന്റെ കാര്യം മറച്ചുവെക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് ഇതിനോടകം ആക്ഷേപമുയർന്നു.