കാസർകോട്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ ചന്തേര പോലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിന് ആണ് കേസ്. എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി.
ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കെതിരെയും കേസുണ്ട്. മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്.
കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്ബിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ നിക്ഷേപം ഇങ്ങനെയായിരുന്നു. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതം നൽകിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. ഈ മൂന്നുപേരെ കൂടാതെ അഞ്ചുപേർ കൂടി എംഎൽഎക്കെതിരെ പരാതി നൽകി കഴിഞ്ഞു. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു.