കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പൈലറ്റും സഹ പൈലറ്റും അടക്കം 17 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 123 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മരിച്ചവരിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി സാഠേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവരെ കൂടാതെ പിലാശേരി സ്വദേശി ഷറഫുദ്ദീൻ (35), ബാലുശേരി സ്വദേശി രാജീവൻ (61), ദീപക്, അഖിലേഷ്, ഐമ എന്ന കുട്ടി, തിരൂർ സ്വദേശി സഹീർ സയിദ് (38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23) എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച അഞ്ച് പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മെഡിക്കൽ കോളജിൽ മരിച്ചത്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലാണുള്ളത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. മൂന്ന് മൃതദേഹങ്ങൾ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലുണ്ട്. മെഡിക്കൽ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചതായും വിവരമുണ്ട്. ഫറോക്ക് ക്രസന്റ് ആശുപത്രിയിൽ ഒരു സ്ത്രീ മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.