ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപ്പിയാനിലെ തുര്‍ക്ക്വാംഗം മേഖലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. രാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നത്.
ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് ഭീകരര്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സിആര്‍പിഎഫ് ജവാന്മാരും സഹായത്തിന് എത്തി. രാവിലെ ആറര മണിയോടെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയേണ്ടതുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ഒരു ഇന്‍കാസും രണ്ട് എകെ 47 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുളള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചിരുന്നു. ജൂണ്‍ പത്തിന് നടന്ന സംയുക്ത ഓപ്പറേഷനില്‍ അഞ്ചു ഭീകരരെയാണ് വധിച്ചത്. രണ്ടാഴ്ചക്കിടെ 9 വ്യത്യസ്ത സൈനിക നീക്കങ്ങളിലൂടെ 22 ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കുന്നു.