തിരുവനന്തപുരം: കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ ഈ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ നേതാവിൻറെ കത്ത് കിട്ടിയെന്ന് സ്പീക്കർ സ്ഥിരീകരിച്ചു.നിയമസഭാ സെക്രട്ടേറിയറ്റ് തുടർ നടപടികൾ ആലോചിക്കുകയാണ്. കാര്യോപദേശസമിതി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന വിധം പരസ്യപ്രതികരണം നടത്തുന്ന ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയത്.സർക്കാർ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരായ നിലപാടുമായി ഗവർണർ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിപക്ഷ നീക്കം എന്നതും ശ്രദ്ധേയമാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും പ്രതിഷേധങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതിൽ ഗവർണർ വിശദീകരണം തേടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.