തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാൻ ശ്രമിക്കുമെന്നും അതിനായി പുതിയ കർമ്മപദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലടെ വ്യക്തമാക്കുകയായിരുന്നു. ഈ വർഷം ഡിസംബറിനകം 50,000 പേർക്ക് തൊഴിലെന്ന വാഗ്ദാനം നൽകി സർക്കാർ. സർക്കാർ, പൊതുമേഖലകളിൽ നൂറുദിവസത്തിനകം 18600 പേർക്ക് തൊഴിൽ നൽകും.
പിഎസ്സി വഴി നൂറു ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം നൽകും. വിദ്യാഭ്യാസമേഖലയിൽ ആകെ 10968 പേർക്ക് നിയമനം നൽകും. ഇപ്പോഴുള്ള 6911 തസ്തികകളിലെ നിയമനം ക്രമപ്പെടുത്തുകയും ചെയ്യും. പൊതുമേഖലാസ്ഥാപനങ്ങളിൽ 3977 പേർക്ക് തൊഴിൽ നൽകും. ഒഴിവുകൾ അടിയന്തരമായി പിഎസ്സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ കർശനനിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങൾ എന്ന് വിശദമായി രേഖ തയാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും.
സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്കൂൾ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും. മെഡിക്കൽ കോളേജിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്തിക സൃഷ്ടിക്കും. പട്ടികവർഗക്കാരിൽ 500 പേരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പിഎസ്സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം.
പിഎസ്സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ്സി നിയമനത്തിലും സർവകാല റെക്കോർഡ് നേടി. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്തംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും. അടുത്ത നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 23700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.വ്യവസായ വകുപ്പിന് കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കും. 4600 പേർക്ക് ജോലി ലഭിക്കും. കേന്ദ്ര ഉത്തേജക പാക്കേജിൻറെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകളിൽ 4500 കോടി അധിക വായ്പ നൽകി. വ്യവസായ ഉത്തേജക പരിപാടിയിൽ 5000 കോടി വായ്പയും സബ്സിഡിയുമായി സംരംഭകർക്ക് ലഭിച്ചു.