കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാൻ പദ്ധതി തയറാക്കിയിട്ടുണ്ട്. രോഗ വ്യാപനം ഒഴിഞ്ഞാൽ എത്രയും വേഗം ടൂറിസം മേഖല തുറക്കണമെന്നാണ് ആഗ്രഹം. മൂന്നാംഘട്ടത്തിൽ രോഗവ്യാപനം തടയാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ട ലോക്ക് ഡൗൺ കാലാവധിക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാവുമോയെന്ന് പരിശോധിക്കും. ബാർബർഷോപ്പുകൾക്കും ഷോപ്പിംഗ് മാളുകൾക്കുമാണു ഇനി ഇളവുകൾ വേണ്ടത്. ഇളവുകളേക്കാൾ ഉപരി രോഗവ്യാപനം തടയുന്നതിനാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണം കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.