കോവിഡ് കൂടുന്നു; കോട്ടയം ഏറ്റുമാനൂരിൽ കടകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ഏറ്റുമാനൂർ നഗരത്തിൽ കടകൾ ഒരാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനം. ഏറ്റുമാനൂർ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാം വാർഡ് നിലവിൽ കണ്ടയ്ൻമെന്റ് സോണാണ്. സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഏറ്റുമാനൂർ പച്ചക്കറി ചന്തയിലെ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇത്രയും കൂടുതൽ പേർക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. കോട്ടയം ജില്ലയിൽ 59 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ ഒൻപതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഉൾപ്പടെ 14 പേർ രോഗമുക്തരായി. നിലവിൽ 457 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ ആകെ 927 പേർക്ക് രോഗം ബാധിച്ചു. 469 പേർ രോഗമുക്തരായി.ഇപ്പോൾ 9703 പേർ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *