ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ താമസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കഴിയേണ്ടത് വീടുകളില്‍ 

കോട്ടയം:മറ്റു സംസ്ഥാനങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ എത്തുന്നവര്‍ പൊതു സമ്പര്‍ക്കമില്ലാതെ വീടുകളിലാണ് കഴിയേണ്ടതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുവദിക്കുക.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഹോം ക്വാറന്റയിന്‍ മതിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ വരുന്നവരില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ പോലും ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

സംസ്ഥാനത്തേക്ക് വരുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അതത് തദ്ദേശഭരണ സ്ഥാപനത്തിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പാസ് നല്‍കുന്നത്. ശുപാര്‍ശ സമര്‍പ്പിക്കും മുമ്പ് അപേക്ഷകന്‍ ക്വാറന്റയിനില്‍ കഴിയുന്നത് എവിടെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷമാണ് ജില്ലാ കളക്ടര്‍ അപേക്ഷ അന്തിമമായി അംഗീകരിക്കുന്നത്.

എന്നാല്‍ ഹോം ക്വാറന്റയിന്‍ സൗകര്യമുണ്ടെന്ന് തദ്ദേശ സ്ഥാപനം സാക്ഷ്യപ്പെടുത്തിയിട്ടുള്ളവര്‍പോലും ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത് ക്രമീകരണങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ മൂലം ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ പോകേണ്ടവര്‍ ആദ്യം അതത് താലൂക്കുകളിലെ ഹെല്‍പ്പ് ഡസ്കുകളെയാണ് സമീപിക്കേണ്ടത്. ബന്ധപ്പെടേണ്ട ഹെല്‍പ്പ് ഡസ്കിന്റെ വിവരം ചെക് പോസ്റ്റുകളില്‍നിന്നുതന്നെ യാത്രക്കാരെ അറിയിക്കുന്നുണ്ട്.

പാസ് അനുവദിച്ച വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും സ്വയം തിരഞ്ഞെടുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ താമസ സൗകര്യം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *