കൊച്ചി:അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല എന്ന് കോടതി പറയുന്നു. ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദവും കോടതി തള്ളി. പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാനാവില്ല. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും കൈവശമുണ്ടായിരുന്ന ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു.