സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്തയുടെ വിടവാങ്ങൽ ചടങ്ങ് വീഡിയോ കോൺഫറൻസിംഗ് വഴി മെയ് ആറിന് നടത്തും. സുപ്രീം കോടതി ബാർ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചതനുസരിച്ച് ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്് സി കെ അബ്ദുൾ റഹിമിന്റെ വിടവാങ്ങലും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ആഴ്ച നടത്തിയിരുന്നു.
ജസ്റ്റിസ് ഗുപ്ത 1955 മെയ് 7 ന് കാംഗ്രാ ജില്ലയിലെ (ഹിമാചൽ പ്രദേശ്) നൂർപൂരിൽ അഭിഭാഷകരുടെ കുടുംബത്തിൽ ജനിച്ചു. പിതാവ് പരേതനായ ശ്രീ എം ആർ ഗുപ്ത ഷിംലയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ജസ്റ്റിസ് ഗുപ്ത 1978 ൽ ദില്ലി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. ഹിമാചൽ പ്രദേശിലെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2004 ഒക്ടോബർ 4 ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.
ജസ്റ്റിസ് ഗുപ്ത ഹിമാചൽ പ്രദേശിലെ ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി രണ്ടുതവണ തുടർന്നു. മൂന്ന് വർഷത്തോളം ഹൈക്കോടതിയുടെ ഗ്രീൻ ബെഞ്ചിന്റെ തലവനായിരുന്നു. എച്ച്.പി എക്‌സിക്യൂട്ടീവ് ചെയർമാനായി തുടർന്നു. ഹിമാചൽ പ്രദേശിലെ കോടതികളുടെ കമ്പ്യൂട്ടറൈസേഷൻ കമ്മിറ്റിയുടെ തലവനായിരുന്നു അദ്ദേഹം.
ത്രിപുരയിലെ ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായി അദ്ദേഹം 2013 മാർച്ച് 23 ന് സത്യപ്രതിജ്ഞ ചെയ്തു. 2016 മേയ് 16 ന് ഛത്തീസ്ഗഢിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. ജസ്റ്റിസ് ദീപക് ഗുപ്തയെ 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി. അദ്ദേഹത്തിന്റെ കാലാവധി 2020 മെയ് 6 ന് അവസാനിക്കും.