ന്യൂദല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്കി. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
നിലവില്‍ ശ്രമിക് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ട്രെയിന്‍ സര്‍വീസ് ഈ സാഹചര്യത്തില്‍ ആരംഭിക്കരുത്. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ സാധാരണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബി.ജെ.പി ഭരിക്കുന്ന ഗോവ, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
മാളുകള്‍ തുറക്കണമെന്ന് കര്‍ണാടകയും ദല്‍ഹിയും ആവശ്യപ്പെട്ടപ്പോള്‍ റെസ്റ്റോറന്റുകള്‍ക്ക് അടക്കം പ്രവര്‍ത്താനാനുമതി നല്‍കണമെന്നാണ് ഗോവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലെല്ലാം അടുത്ത രണ്ട് ദിവസത്തിനകം കേന്ദ്രത്തിന്റെ തീരുമാനം വരും.
കാബിനറ്റ് സെക്രട്ടറി ഇന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തേണ്ട ഇളവിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.