ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ നിർദ്ദേശം

നാളെ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. അവശ്യമേഖലയായി സർക്കാർ നിർദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാൻ അനുവദിക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വയനാട് ഉൾപ്പെടെയുള്ള കണ്ടൈൻമെൻറ് മേഖലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലകളിലേക്കും അവിടെ നിന്ന് പുറത്തേക്കും മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകൾ അനുവദിക്കൂ.

കേരളത്തിലെ ചെങ്കൽ ഖനന മേഖലകളിലേക്ക് കർണാടകത്തിൽനിന്ന് ഊടുവഴികളിലൂടെ അതിഥി തൊഴിലാളികൾ എത്തുന്നത് തടയാൻ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇത്തരം വഴികൾ പൂർണമായും അടയ്ക്കും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും.

റോഡുകളിലും പൊതുസ്ഥലങ്ങളിലും ജാഥകൾ, ജനക്കൂട്ടങ്ങൾ, ആഘോഷ പരിപാടികൾ എന്നിവ അനുവദിക്കില്ല. മതപരമായ ചടങ്ങുകൾക്കും അനുവാദം ഉണ്ടാകില്ല. മതപരമായ ചടങ്ങുകൾ വീടുകളിൽ തന്നെ നടത്താൻ പൊതുജനങ്ങളെ പ്രേരിപ്പിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമ്പോൾ എല്ലാവിധ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും നിർബന്ധമായും മുഖാവരണം, കൈയുറകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. അടുത്തിടെ ഏതാനും പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *