തരിശുനിലത്തിൽ കൃഷിയിറക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക ഉല്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
തരിശുനിലങ്ങളിൽ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തിൽ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം. പുരയിടങ്ങളിലും നല്ല രീതിയിൽ കൃഷിചെയ്യാൻ കഴിയും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താൻ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടിൽ ഒരു സംസ്കാരമായി വളർന്നിട്ടുണ്ട്. അത് കൂടുതൽ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോൾ ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളർത്താൻ കഴിയും. ചെറിയ കുളങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ മത്സ്യസമ്പത്ത് വലിയ തോതിൽ വർധിപ്പിക്കാൻ കഴിയും.ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക.
ജലസേചന കാര്യത്തിൽ ജലവിഭവ വകുപ്പും കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് നീങ്ങാനാണ് ധാരണ ഉൽപാദനം വർധിപ്പിക്കുമ്പോൾ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കാനും, പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്റെ ശൃംഖല സൃഷ്ടിക്കാനും,പദ്ധതി ലക്ഷ്യമിടുന്നു. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാർഗ്ഗനിർദേശങ്ങളും കൃഷിവകുപ്പ് നൽകും.
സാധാരണഗതിയിൽ കൃഷിഭൂമിയുടെ ഉടമസ്ഥർക്കാണ് വായ്പ അനുവദിക്കുക. എന്നാൽ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങൾക്കോ ഗ്രൂപ്പുകൾക്കോ കമ്മിറ്റികൾക്കോ പ്രാഥമിക കാർഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാർഷിക സംഘങ്ങളുടെ പ്രധാന ചുമതല കാർഷിക വായ്പ നൽകലാണ്. എല്ലാ കൃഷിക്കും വായ്പ നൽകാനും അദ്ദേഹം അഭർഥിച്ചു. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി
കൃഷി വകുപ്പിനാണ് പ്രധാന ചുമതല നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും ആകാം. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.