ആമ്പല്ലൂർ: അളഗപ്പ ടെക്സ്‌റ്റൈൽസിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. വർഷങ്ങളായി ജോലി ചെയ്യുന്ന 300 കരാർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷന്റെ അറിയിപ്പ് തൊഴിലാളികൾക്ക് ലഭിച്ചു.
കോയമ്പത്തൂർ സതേൺ റീജണൽ ഓഫീസിൽ നിന്നാണ് അറിയിപ്പ് ലഭിച്ചത്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ അളഗപ്പ ടെക്സ്‌റ്റൈൽസിൽ 700 ജീവനക്കാരുള്ളതിൽ 70 ശതമാനം ജീവനക്കാർക്ക് സ്ഥിരം നിയമനമുണ്ട്. നാനൂറിലേറെ വരുന്ന സ്ഥിരം തസ്തികകളിൽ 100 ഒഴിവുകൾ നിലവിലിരിക്കെയാണ് കൂട്ടത്തോടെ പിരിച്ചുവിടൽ.
നിലവിൽ സ്ഥിരനിയമനം കാത്തിരിക്കുന്ന 32 കാഷ്വൽ ജീവനക്കാർ ഇവിടെ ഒരു വർഷം പ്രൊബേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 100 ശതമാനം ശബളത്തിന് അർഹതയുള്ള ഇവർക്ക് ഇപ്പോഴും 90 ശതമാനം വേതനമാണ് ലഭിക്കുന്നത്. സ്ഥിരനിയമനം ലഭിച്ചിട്ടില്ലെങ്കിലും ഇവരെ ഒഴിവാക്കിയിട്ടില്ല.കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഗേറ്റ് ബദൽ ജീവനക്കാർക്ക് പ്രതിദിനം 330 രൂപയാണ് കമ്പനി നൽകിയിരുന്നത്. ഇവർ 240 ദിവസം ജോലി പൂർത്തിയാക്കിയാൽ സ്ഥിരപ്പെടുത്തണമെന്നാണ് ചട്ടം.ഇത്തരത്തിൽ അഞ്ചുവർഷത്തിലേറെ കരാർ പൂർത്തിയാക്കിയ 100 പേർ ഇപ്പോഴും ഗേറ്റ് ബദൽ ജീവനക്കാരായി ജോലിചെയ്തുവന്നിരുന്നു. ഇവരും പിരിച്ചുവിട്ട ജീവനക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്.
നൂൽ, പഞ്ഞി തുടങ്ങി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും സാബത്തിക പ്രതിസന്ധിയുമാണ് കരാർ ജീവനക്കാരെ ഒഴിവാക്കാൻ കാരണമെന്നാണ് മാനേജ്‌മെന്റ് പക്ഷം