തുറന്ന് കിടക്കുന്ന കുഴൽക്കിണറുകൾ മൂടാൻ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ മൂടണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണു രണ്ടര വയസുകാരൻ സുജിത്ത് മരിച്ച സംഭവത്തെ തുടർന്നാണ് ഈ നിർദ്ദേശം.ജില്ലാ അടിസ്ഥാനത്തിൽ പരിശോധന നടത്തി തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 2012 – 13 വർഷത്തെ കാലത്ത് സർക്കാർ നടത്തിയ പരിശോധനയിൽ തുറന്നുകിടക്കുന്ന കുഴൽക്കിണറുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും അത് ഒന്നുകൂടി ഉറപ്പുവരുത്താനാണ് നിർദ്ദേശം. കഴിഞ്ഞ വർഷം 8258 കുഴൽക്കിണറുകളാണ് ഭൂജല വകുപ്പ് നിർമിച്ചതെന്നും അതിൽ തന്നെ സ്വകാര്യ ഏജൻസികൾ നിർമിച്ച കുഴൽക്കിണറുകൾക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴൽക്കിണറുകൾ മൂടുന്നതു സംബന്ധിച്ച് വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകൾക്കും കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള കെട്ടിട നിർമാണചട്ടപ്രകാരം സംസ്ഥാനത്ത് കുഴൽ കിണറുകൾ നിർമിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ പെർമിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറൻസും നിർബന്ധമാണ്. ഭൂജലവകുപ്പ് മുഖേന അല്ലാതെ പ്രൈവറ്റ് ഏജൻസികൾക്ക് കുഴൽക്കിണർ നിർമിക്കുന്നതിനു ഭൂതല അതോറിറ്റിയുടെ റജിസ്‌ട്രേഷൻ ആവശ്യമാണ്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *