പൂജ, വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ്: ദേവസ്വം ബോർഡ്‌

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അർപ്പിക്കാനും സൗകര്യം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നേരത്തെ തന്നെ ഈ സൗകര്യങ്ങളുണ്ട്.  www.onlinetdb.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ളത്.
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഭക്തർക്ക് നിലവിൽ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാത്തതാണെങ്കിലും ക്ഷേത്രങ്ങളിൽ ആചാര പ്രകാരമുള്ള പൂജ ചടങ്ങുകൾ തടസ്സം കൂടാതെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ഭക്തർക്ക് ബുക്ക് ചെയ്ത് നടത്തിക്കാനുള്ള സൗകര്യം ബോർഡ് ഏർപ്പെടുത്തിയത്.
ശബരിമല കൂടാതെ മേജർ ക്ഷേത്രങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജർ ക്ഷേത്രങ്ങളിൽ ഓൺലൈനായി ഭക്തർക്ക് വഴിപാടുകൾ ബുക്ക് ചെയ്യാം. ശബരിമലയിലേക്കുള്ള അന്നദാന സംഭാവനകൾക്ക് ഭക്തർക്ക് ആദായ നികുതി ഇളവും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *