തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 110 തടവുകാർക്ക് കൂടി കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചു. മുഴുവൻ തടവുകാരുടെയും ആന്റിജൻ പരിശോധന പൂർത്തിയായപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി ഉയർന്നിരിക്കുന്നു. രോഗം ബാധിച്ച ഒരു തടവുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്ന് മാത്രം നാല് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി വർധിച്ചിരിക്കുന്നു.
നിലവിൽ ആശങ്കയുളവാക്കിയ സാഹചര്യമായതിനാൽ ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ചു. നിലവിൽ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. ഇതിൽ പകുതിയോളം തടവുകാർ രോഗ ബാധിതരാണ്.100 ജീവനക്കാർക്കാണ് പരിശോധന നടത്തിയത്. ഇതിൽ രോഗം ഒമ്ബത് പേരിൽ മാത്രം ഒതുങ്ങിയത് ആശ്വാസകരമാണ്. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും പരിശോധന നടന്നു വരികയാണ്. ഞായറാഴചയിലെ കണക്കനുസരിച്ച് ദക്ഷിണ മേഖലിൽ 1215 തടവുകാരെ പരിശോധിച്ചതിൽ 427 പേർക്ക് രോഗമുണ്ട്. ഇതിൽ തിങ്കളാഴ്ചയിലെ കണക്ക് കൂടി കൂട്ടിയാൽ 537 ആകും. 217 ജീവനക്കാരെ പരിശോധിച്ചതിൽ 28 പേർക്കാണ് രോഗം. തിങ്കളാഴചയിലെ കണക്ക് കൂടി കൂട്ടിയാൽ ഉത് 32 ആകും. മധ്യമേഖലയിൽ 97 തടവുകാരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. 46 ജീവനക്കാരിൽ രണ്ട് പേർക്കാണ് രോഗം. ഉത്തര മേഖലയിൽ 302 തടവുകാരെയും 172 ജീവക്കാരെയും പരിശോധിച്ചതിൽ ഒരാൾക്കും രോഗമില്ല.